Tuesday, August 21, 2012

ഉറക്കാത്ത സ്വപ്‌നം




ബീജിംഗ് ഒളിംമ്പിക്‌സില്‍ ഒന്നാം സ്ഥാനത്തെത്തിയവര്‍ ലണ്ടന്‍ ഒളിംമ്പിക്‌സില്‍ രണ്ടാംസ്ഥാനത്തെത്തിയാലുള്ള പുകിലെന്തായിരിക്കണമെന്നറിയാന്‍ ചൈനയോളം സൂകഷിച്ചു പിന്തുടര്‍ന്നാല്‍ മതിയാകും. സ്‌പോര്‍ട്‌സിന്റെ ചുമതലക്കാരുടെയും കോച്ചുമാരുടെയും നെഞ്ചിടിപ്പ് ലണ്ടന്‍ വിടുന്നതിനു മുമ്പു തന്നെ ഒരു പഞ്ചാരിമേളമായി  ഉയര്‍ന്നു കഴിഞ്ഞിരുന്നു എന്നതാണ് റിപ്പോര്‍ട്ട്.   അമേരിക്കന്‍ അഹങ്കാരത്തെ ഞങ്ങള്‍ റിയോയില്‍ പിടിച്ചു കെട്ടിക്കൊള്ളാം
എന്ന ഉറപ്പ് എത്രത്തോളം പീപ്പിള്‍സ് കമ്മ്യൂണിസ്റ്റ്  പാര്‍ട്ടിയെ തൃപ്തിപ്പെടുത്തുമെന്ന് കാലം തെളിയിക്കേണ്ടതാണ്.  ലോക റാങ്കിംഗില്‍ ഒന്നാമനില്‍ നിന്ന് രണ്ടാമനായി പോയതിന്റെ പുകിലാണ് ചൈനയിലെങ്കില്‍ ചൈനയുടെ ഭായി ഭായിമാര്‍ ഇവിടെ ഒരു മാമാങ്കത്തിലാണ്.  ഒരു സ്വര്‍ണ്ണം പോലുമില്ലാതെ അബദ്ധത്തില്‍ കിട്ടിയ വെങ്കലമുള്‍പ്പെടെ നേടിയവര്‍ ബോള്‍ട്ടിനെക്കാള്‍, ഫെല്‍പ്‌സിനെക്കാള്‍ ആദരിക്കപ്പെടുന്ന കാഴ്ചയില്‍ ആര്‍ക്കും അമര്‍ഷമില്ല, അത്ഭുതം പോലുമില്ല.

റിക്കാര്‍ഡ് മെഡല്‍ നേട്ടവുമായി ഇന്ത്യ എന്നൊക്കെ പത്രത്താളുകള്‍ നിറഞ്ഞു കവിയുമ്പോള്‍ നാം എത്രത്തോളം അല്പന്മാരാണെന്ന് ലോകത്തോട് വിളിച്ചു പറയുകയാണ്. അമേരിക്കയും, ചൈനയും, ബ്രിട്ടനും അവരുടെ നേട്ടങ്ങള്‍ നിരത്താന്‍ വാക്കുകളില്ലാതെ വിഷമിക്കുന്നുണ്ടാവും, കാരണം ഇന്ത്യ 'റിക്കാര്‍ഡൊക്കൊ ' അടിച്ചു മാറ്റി കഴിഞ്ഞു. നൂറു വര്‍ഷങ്ങള്‍ മുമ്പുള്ള ലോകമല്ലിത്. ഒരു വരി കുറിച്ചു വച്ചാല്‍ ലോകം മുഴുവന്‍ അതേ നിമിഷം വ്യാപിക്കുന്ന യുഗത്തില്‍ ജമൈക്കക്കാരന്‍ ഇന്ത്യന്‍ പത്രങ്ങളെയും കായിക ലോകത്തെയും എത്രത്തോളം അപഹസിക്കും എന്ന് ആരെങ്കിലും ഊഹിച്ചു നോക്കുന്നുണ്ടോ ? പലതരത്തിലും അപമാനിക്കപ്പെടുന്ന ഇന്ത്യ ഏറ്റവും ഒടുവില്‍ അറിയപ്പെടുന്നത് കോള്‍ഗേറ്റി(coal gate)ന്റെ പേരിലാണത്രേ? അഴിമതിയുടെയും കുംഭകോണത്തിന്റെയും നാട്ടില്‍ നടക്കുന്ന മറ്റൊരു വന്‍ അഴിമതിയാണ് നമ്മുടെ കായിക രംഗവും . മെഡല്‍ നേടിയ താരങ്ങളോടൊപ്പം തീര്‍ച്ചയായും വാഴ്ത്തിയാദരിക്കേണ്ട സുരേഷ് കല്‍മാഡിയെ അവഗണിച്ചത് മാപ്പര്‍ഹിക്കാത്ത പാതകം തന്നെയാണ്.

സ്വപ്‌നങ്ങളെക്കുറിച്ച് ഏറ്റവും കൂടുതല്‍ എഴുതുകയും പ്രസംഗിക്കുകയും ചെയ്തയാള്‍ തന്നെ തന്റെ സ്വപ്‌ന പദ്ധതി വഴിയുലുപേക്ഷിച്ചു കളഞ്ഞതിന്റെ ബാക്കി പത്രം കൂടിയാണ്. ഇന്ത്യയുടെ ഈ ഓട്ടുനേട്ടം ! ബീജിംങ്ങ് ഒളിംമ്പിക്‌സ് ഒരുക്കങ്ങളുടെ കാലത്ത് നമ്മുടെ സ്വപ്‌ന നായകന്‍- സാക്ഷാല്‍ APJ അബ്ദുള്‍ കലാം ഒരു നിര്‍ദ്ദേശം വച്ചിരുന്നു. കായിക രംഗത്ത് ഇന്ത്യ ആഗോള ശക്തിയാകണമെങ്കില്‍ നിരന്തര പരിശീലനം ആവശ്യമാണ്. അതിന് തിരഞ്ഞെടുക്കപ്പെടുന്ന കായിക താരങ്ങളെ പട്ടാളത്തിന് ഏല്‍പ്പിച്ചു കൊടുത്ത് തീവ്ര പരിശീലനത്തിന് വിധേയരാക്കുക എന്നതായിരുന്നു നിര്‍ദ്ദേശം. ബീജീംങ്ങും, ലണ്ടനും കഴിഞ്ഞപ്പോള്‍ അബ്ദുള്‍ കലാംപോലും ആസ്വപ്‌നം മറന്നു കളഞ്ഞതാണ് നമ്മുടെ ദുരോഗ്യം! പി.ടി ഉഷ എന്ന വനിത സ്വന്തം സ്വപ്‌നം താലോലിച്ച് ലണ്ടനില്‍ എത്തിയതുപോലെ ഒരു നിശ്ചയ ദാര്‍ഢ്യം പോലും ഇന്ത്യാമഹാരാജ്യത്തിനില്ലാതെ പോയി എന്നും നമ്മള്‍ വേദനയോടെ ഓര്‍ക്കണം.

ഒളിംമ്പിക്‌സ് വാര്‍ത്താ പേജില്‍ ഞാന്‍ ആദ്യം നോക്കുന്നത് മെഡല്‍ പട്ടികയായിരുന്നു.പത്തോ പതിനഞ്ചോ രാജ്യങ്ങളുടെ പട്ടികയെ മിക്ക പത്രങ്ങളും നല്‍കുമായിരുന്നുള്ളൂ.  അക്കൂട്ടത്തിലൊന്നുമില്ലാതെ പോയ ഇന്ത്യയെ പല പത്രങ്ങളും എടുത്തുയര്‍ത്തി പതിനാറാമന്റെയോ, ഇരുപത്തിയൊന്നാമന്റെയോ സ്ഥാനം നല്‍കി നമ്മെ തൃപ്തിപ്പെടുത്തിക്കൊണ്ടിരുന്നു. സമാപന ദിവസം നമ്മുടെ ഇന്ത്യ എത്ര പിന്നിലാണെന്ന് വ്യക്തമാകുന്ന പട്ടിക പല പത്രങ്ങളും പ്രസിദ്ധീകരിക്കേണ്ടി വന്നു. റിക്കാര്‍ഡ് നേട്ടം നിരത്തിയ പത്രത്താളുകള്‍ എന്റെ മുമ്പില്‍ നിര്‍വികാരമായ ഒരു പാപ ഭാരത്തോടെ കിടന്നു.  കാരണം നമ്മള്‍ തോറ്റു പോയി എന്നു മാത്രമല്ല, ആ പൊള്ളുന്ന സത്യം നമ്മില്‍ നിന്ന് മറച്ചു വയ്ക്കാന്‍ പലരും ശ്രമിക്കുന്നതായും അത്ഭുതപ്പെട്ടു. ആര് ആരെയാണ് കബളിപ്പിക്കുന്നത് ? സത്യം സത്യത്തെ തിരിച്ചറിയണ്ടേ? ഐവറികോസ്റ്റ് എന്ന ദശാംശ രാജ്യത്തിന്റെയത്ര പോലും മേല്‍വിലാസമില്ലാതെ പോയ ഒരു രാജ്യത്തെയോര്‍ത്ത് നാം എന്തിന് വ്യാജ അഭിമാനത്തില്‍ രമിക്കണം?

ഒളിംമ്പിക്‌സ് വെറും ഒരു കായിക മത്സരം മാത്രമല്ല. ലോക രാജ്യങ്ങളുടെ ശാസ്ത്രം, ആസൂത്രണം, ബുദ്ധി, ആരോഗ്യം, ഭരണം തുടങ്ങിയവയൊക്കെ  ഉരച്ചു നോക്കുന്ന വേദിയാണ് ഓരോ മത്സരവും.്അമ്മയുടെ മുലപ്പാലിന്റെ ഗുണമേന്‍മ കൂടി പരിശോധിക്കപ്പെടുന്നതാണ് ഓരോ മത്സരവും. ശരവേഗത്തില്‍ ഒന്നാമതെത്തിയ ഉസൈന്‍ ബോള്‍ട്ടിന്റെ കുതിപ്പിന്റെ കാരണങ്ങള്‍ തെരെഞ്ഞ ശാസ്ത്ര ലോകം ജീനിന്റെയും പ്രോട്ടീനിന്റെയും പ്രാധാന്യവും എടുത്തു പറഞ്ഞു. ജീനിന്റെ കാര്യത്തില്‍ ഏതു ജനവിഭാഗത്തോടും ഒപ്പത്തിനൊപ്പമോ, ഒരു പടി മുന്നിലോ നില്‍ക്കാവുന്ന ഭാരത പാരമ്പര്യത്തിന്റെ ബാറ്റണ്‍ തെന്നി മാറുന്നതു പ്രോട്ടീനിന്റെ കാര്യത്തിലാണ്. ആഗോള ഹ്യൂമന്‍ ഡെവലപ്‌മെന്റ് ഇന്‍ഡക്‌സില്‍ നൂറ്റി മുപ്പത്തിയാറാം സ്ഥാനത്ത് നില്‍ക്കുന്ന   ഇന്ത്യയ്ക്ക് എങ്ങനെയാണ് ഒളിംമ്പിക്‌സില്‍ ഒന്നാമതെത്താന്‍ കഴിയുക? അല്ലെങ്കില്‍ ശ്രദ്ധേയമായ നേട്ടങ്ങളെങ്കിലും ഉണ്ടാക്കാന്‍ കഴിയുക?  അപ്പോള്‍ ഒളിംമ്പിക്‌സിന്റെ തലേന്നാള്‍ ചിന്തിക്കേണ്ട വിഷയങ്ങളൊന്നുമല്ല ഇത്. അടുത്തത്  റിയോയില്‍ കാണാം എന്നു പറയുമ്പോള്‍ ആരുടെയെങ്കിലും ചങ്കു പിടയുന്നില്ലെങ്കില്‍ ഈ ലേഖനത്തിനു പോലും പ്രസക്തി ഇല്ലാതാകുന്നു. 2016ലും ഇതുപോലൊരു ലേഖനം എഴുതേണ്ടി വരുമല്ലോ എന്ന നാണക്കേട് ലേഖകനെ ഇപ്പോഴേ  പിടികൂടിയിട്ടുണ്ട്. കാരണം ബീജിംഗ് ഒളിംമ്പിക്‌സ് കാലത്തും ഈ കൂലിയെഴുത്ത് ഇതുതന്നെ നിരത്തി വച്ചു.  ഉണ്ടായിരുന്ന ഏക സ്വര്‍ണ്ണം കൂടി ഇല്ലാതായതാണ് ബീജിംഗ്‌ലണ്ടന്‍ യാത്ര നമുക്ക് സമ്മാനിച്ച  കുതിപ്പും
കിതപ്പും !

നിലവിലുള്ള അവസ്ഥ തുടരുകയെന്നത് പലരും പുറത്തു പറയാത്ത ഒരു സാമ്പത്തിക സിദ്ധാന്തമാണ് - സ്റ്റാറ്റസ്‌കോ തിയറി . അഞ്ച.ു കൊല്ലത്തിലൊരിക്കല്‍ ഒരു തിരഞ്ഞെടുപ്പ് .കൊടും കൊലപാതകികളും ഖനി കൊള്ളക്കാരുമുള്‍പ്പെടെയുള്ള ഒരു പാര്‍ലമെന്റ്, അവരുടെ അഞ്ചുകൊല്ല്‌ത്തെ  അഭ്യാസങ്ങള്‍, അതിനിടയില്‍ അടിച്ചു മാറ്റപ്പെടുന്ന ലക്ഷം കോടി സ്‌കാമുകള്‍. ഇടയ്ക്ക് പുട്ടിനു പീരയിടുന്നതുപോലെ ഒരന്വേഷണവും അറസ്റ്റും. തിളങ്ങുന്ന ഇന്ത്യയെ ഒരു സാരി കുരുക്കില്‍ ചവിട്ടി കൊല്ലുന്നവര്‍ക്കു വേണ്ടി ഭരണം ചിലപ്പോള്‍ വച്ചുമാറും. അപ്പോഴും മാറാത്ത ഒന്നാണ് ഈ സ്റ്റാറ്റസ്‌കൊ ഭരണ വര്‍ഗ്ഗം. അടിസ്ഥാനപരമായി ഒരു മാറ്റവും സമൂഹത്തില്‍ സംഭവിക്കുന്നില്ല. അല്ലെങ്കില്‍ എങ്ങനെയാണ് ഇന്ത്യ കണ്ട മാന്യന്മാരില്‍ ഒരാളായ  ഡോ.മന്‍മോഹന്‍ സിംഗിന്റെ മൂക്കിന്റെ അകത്ത് കയറി സ്‌പെക്ട്രവും, കല്‍ക്കരിയും ഓരോരുത്തര്‍ അടിച്ചു കൊണ്ടു പോകുന്നത്. കാലും, കൈയും, തലയും മുലയും വരിഞ്ഞുകെട്ടി കിടത്തിയ ഒരു ഗള്ളിവറാണ് ഇന്ത്യന്‍ പ്രധാനമന്ത്രി. ശ്വാസം പോകുന്നു എന്നതിനാല്‍ മരിച്ചിട്ടില്ല എന്നുറപ്പിക്കാം. ഈ മാംസപിണ്ഡത്തിനു മുകളില്‍ കയറി ലില്ലിപുട്ടുകള്‍ മേയുന്നതാണ് ഇന്ദ്രപ്രസ്ഥത്തിലെ ഭരണം. സ്റ്റാറ്റസ്‌കോ തിയറിയുടെ ശക്തമായ വടം കൊണ്ടാണ് ഗള്ളിവറിനെ വരിഞ്ഞുകെട്ടിയിരിക്കുന്നത്. അത് പൊട്ടിച്ചു മാറ്റാന്‍ കെല്‍പ്പുള്ള ഒരാള്‍ ഇന്ത്യയില്‍ ഇനിയും ജനിച്ചിട്ടുണ്ടെന്ന് തെളിയിക്കേണ്ടിയിരിക്കുന്നു. അതുവരെ ഒളിമ്പിക്‌സ് പോലുള്ള ലോക വേദിയില്‍ താഴ്ന്നു പറക്കുന്ന ഒരു പതാക മാത്രമായിരിക്കും മൂവര്‍ണ്ണകൊടി. അതിനെ കുറച്ചു കൂടി താഴ്ത്തി കെട്ടാന്‍ ചില നര്‍ത്തകിമാര്‍ കാല്‍സ്രായിയും കുപ്പായവും ധരിച്ച്  മാര്‍ച്ച് ഫാസ്റ്റില്‍ ഇടിച്ചു കയറും! ഇന്ത്യന്‍ ടീമല്ലേ ആര്‍ക്കും എന്തുമാകാമെന്നും കല്‍മാഡിമാര്‍ എത്രയോ കാലമായി തെളിയിച്ചു കൊണ്ടിരിക്കുന്നു.

നമുക്ക് കായിക താരങ്ങളെ മാത്രം എങ്ങനെ കുറ്റപ്പെടുത്താന്‍ കഴിയും ? ഓരോ വര്‍ഷവും തോല്‍ക്കുന്ന 65% എഞ്ചിനിയറിംഗ് വിദ്യാര്‍ത്ഥികളുടെ പ്രതിനിധികളല്ലേ നമ്മുടെ കായിക താരങ്ങള്‍? ഒരു നോബല്‍ പ്രൈസ് പോലും കൊണ്ടു വരാന്‍ കഴിയാത്ത ശാസ്ത്രജ്ഞരുടെ നാട്ടിലെങ്ങനെ ഒളിംമ്പിക്‌സ് സ്വര്‍ണ മെഡല്‍ ഒഴുകി എത്തും? ഒരോസ്‌ക്കാര്‍ ജേതാവാകണമെങ്കില്‍ സായിപ്പിന്റെ കെയറോഫ് വേണ്ടി വരുന്നതല്ലേ നമ്മുടെ സിനിമാ നേട്ടം. മനുഷ്യന്‍ ചന്ദ്രമണ്ഡലത്തിലിറങ്ങികഴിഞ്ഞു അഞ്ചു പതിറ്റാണ്ടു കഴിഞ്ഞിട്ടും ഒരു ഇന്ത്യാക്കാരനെ ശൂന്യാകാശത്ത് എത്തിക്കാന്‍ കഴിയാത്ത മണ്ണ്ില്‍ സ്വര്‍ണ്ണകൊയത്ത് എങ്ങനെ ഉണ്ടാകും. അടിസ്ഥാനപരമായി അടിമയും അടിയാളനുമായ ഒരു സമൂഹത്തിന്റെ കെട്ടു പൊട്ടിച്ചെറിയാതെ ഒരു കുതിപ്പ് സാധ്യമല്ല. അത്തരം ഒരു പൊട്ടിച്ചെറിയലും മുന്നേറ്റവും കുറഞ്ഞ പക്ഷം ഒരു സ്വപ്‌നമായെങ്കിലും നമ്മള്‍ കൊണ്ടു നടക്കണം. ഒളിംമ്പിക്‌സ് പദ്ധതി കൈ വിട്ട എപിജെയുടെ  വാക്കുകള്‍ തന്നെ കടമെടുത്ത് പറയട്ടേ- 'ഉറങ്ങുമ്പോള്‍ കാണുന്നതല്ല, ഉണര്‍ന്നിരിക്കുമ്പോള്‍ ഉറക്കാത്തതാണ് സ്വപ്‌നം'.

സകലയിടങ്ങളിലും ലോകത്തിലൊന്നാമതെത്തുന്ന ഇന്ത്യ!



No comments:

Post a Comment