14.08.12
ബഹു. മുഖ്യമന്ത്രി
കേരള സര്‍ക്കാര്‍
തിരുവനന്തപുരം
സര്‍,
തുറന്ന നിവേദനം - വിഴിഞ്ഞത്ത് ബങ്കറിംഗ് പോര്‍ട്ട് ആരംഭിക്കണം.
കഴിഞ്ഞ രണ്ടു പതിറ്റാണ്ടിലേറെക്കാലമായി വിഴിഞ്ഞം മദര്‍പോര്‍ട്ടെന്ന ആശയവുമായി മാധ്യമ/ ജനകീയ പ്രചരണ പരിപാടികളില്‍ ഏര്‍പ്പെട്ടിരിക്കുന്നവരാണ് ഞങ്ങള്‍. കുമാര്‍ എനര്‍ജി കോര്‍പ്പറേഷന്‍, സൂം-ചൈന കണ്‍സോര്‍ഷ്യം, ലാന്‍കോ കൊണ്ടപ്പള്ളി, വെല്‍സ്പണ്‍ കണ്‍സോര്‍ഷ്യം എന്നിങ്ങനെ വിഫലമായ പല ടെന്‍ഡര്‍ പരീക്ഷണങ്ങള്‍ക്കൊടുവിലാണല്ലോ നമ്മളിപ്പോള്‍. ഇത്രയും ബ്രഹത്തായ ഒരു പദ്ധതി നടപ്പിലാക്കാനുള്ള കഴിവ് സംസ്ഥാന സര്‍ക്കാരിനുണ്ടോ എന്നു സംശയം തോന്നിപ്പിക്കുന്നതാണ് കഴിഞ്ഞ രണ്ടു പതിറ്റാണ്ടിലെ കാഴ്ചകളും അനുഭവങ്ങളും. പിന്നിട്ട ഓരോ വര്‍ഷവും പദ്ധതി ചെലവ് ക്രമാതീതമായി വര്‍ദ്ധിപ്പിച്ച് വര്‍ദ്ധിപ്പിച്ചു പദ്ധതി തന്നെ ഒടുവില്‍ ലാഭകരമല്ലാതായി തീരുന്ന അവസ്ഥ സംജാതമായിക്കൊണ്ടിരിക്കുകയാണ്. ഈ കാലയളവില്‍ സമീപ സംസ്ഥാനങ്ങളിലും രാജ്യങ്ങളിലും പല വന്‍കിട പോര്‍ട്ടുകള്‍ ആരംഭിക്കുകയും പ്രവര്‍ത്തനം തുടങ്ങുകയും ചെയ്തിട്ടുണ്ട്. അതുകൊണ്ടാണ് വിഴിഞ്ഞം നമുക്ക് വഴങ്ങുകയോ വിഴുങ്ങുകയോ ചെയ്യാന്‍ കഴിയാത്ത അവസ്ഥയിലായി എന്ന് നേരത്തെ സൂചിപ്പിച്ചത്. മുടക്കിയ മുതല്‍ പോലും കാര്യമായ പ്രയോജനമില്ലാതെ മറ്റൊരു
'കല്ലട' യായി മാറുമോ എന്നും സംശയമുണ്ട്.
മദര്‍പോര്‍ട്ട് എന്ന ആശയം മലയാളികളെ പഠിപ്പിച്ച ഞങ്ങള്‍ക്ക് ഇപ്പോള്‍ മറ്റൊരു നിര്‍ദ്ദേശമാണ് അങ്ങയുടെ മുന്നില്‍ വയ്ക്കാനുള്ളത്. മദര്‍പോര്‍ട്ടിന്റെ ഒരുക്കങ്ങളും ടെന്‍ഡര്‍ നടപടികളും ഒരു വശത്തുകൂടെ നടക്കട്ടെ. നിലവിലുള്ള വിഴിഞ്ഞം മത്സ്യബന്ധന തുറമുഖ സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്തിക്കൊണ്ട് വളരെ പെട്ടെന്ന് തന്നെ നമുക്ക് ഒരു ബങ്കറിംഗ് പോര്‍ട്ട് വിഴിഞ്ഞത്ത് ആരംഭിക്കാന്‍ കഴിയും. കാര്യമായ മുതല്‍ മുടക്കില്ലായെന്നതാണ് ഈ പദ്ധതിയുടെ ഏറ്റവും ശ്രദ്ധേയമായ വസ്തുത. നിലവിലുള്ള മത്സ്യ ബന്ധന പ്രവര്‍ത്തനങ്ങള്‍ക്ക് യാതൊരു തടസ്സമോ, ബുദ്ധിമുട്ടോ ഇല്ലായെന്നതും എടുത്തു പറയേണ്ട വസ്തുതയാണ്. പ്രതിവര്‍ഷം നമ്മുടെ മുമ്പില്‍ കൂടി കടന്നു പോകുന്ന 18000 കപ്പലുകള്‍ ബങ്കറിംഗിന്റെ വലിയൊരു സാധ്യത
നമ്മുടെ മുമ്പില്‍ തുറന്നിടുന്നു. ഇന്ധനം, വെള്ളം, ഭക്ഷണം എന്നിവയുടെ കൈമാറ്റം കേരളത്തിന്റെ വ്യാപാരരംഗത്തെ കൂടുതല്‍ സജീവമാക്കും. ക്രൂ ചേഞ്ചിംഗ് നമ്മുടെ വിമാനത്താവളത്തെ അന്താരാഷ്ട്ര പ്രശസ്തമക്കും. ഓരോ കപ്പലില്‍ നിന്നും ഇറങ്ങുന്ന ക്രൂ നമ്മുടെ ടൂറിസം വ്യവസായത്തെ കൂടുതല്‍ സജീവമാക്കും. ടൂറിസ്റ്റ് ടാക്‌സികള്‍ ഇടതിടവില്ലാതെ സീ പോര്‍ട്ട്- എയര്‍പോര്‍ട്ട് റോഡിലൂടെ സഞ്ചരിക്കും. ഓരോ ക്രൂവിനും ഹെല്‍ത്ത് സര്‍ട്ടിഫിക്കേറ്റ് വേണ്ടി വരുമെന്നതിനാല്‍ നമ്മുടെ ഡോക്ടര്‍ കമ്മ്യൂണിറ്റിയെ ബങ്കറിംഗ് പോര്‍ട്ട് നേരിട്ട് വളര്‍ത്തും . കപ്പലുകളുടെ ചെറിയ അറ്റകുറ്റപണി പോലും വിഴിഞ്ഞം കടലില്‍ വച്ചു തന്നെ ചെയ്യാന്‍ കഴിയും. ചുരുക്കത്തില്‍ കാര്യമായ മുതല്‍ മുടക്കില്ലാതെ ഒരു വലിയ മാറ്റം സാധ്യമാക്കുന്നതാണ് വിഴിഞ്ഞം ബങ്കറിംഗ് പോര്‍ട്ട്.
വിജയകരമായ ഒരു ബങ്കറിംഗ് പോര്‍ട്ടിന് ഏകദേശം 240 കോടി രൂപയുടെ വരുമാനമുണ്ടാകുമെന്നു കണക്കാക്കുന്നു. (വല്ലാര്‍പ്പാടം പോര്‍ട്ടില്‍ നിന്നും കഴിഞ്ഞവര്‍ഷം നമുക്ക് ലഭിച്ച വരുമാനം 48 കോടിയും ഡ്രെഡ്ജിംഗിനു വേണ്ടി വന്ന ചെലവ് 110 കോടിയുമാണെന്ന് ഇത്തരുണത്തില്‍ നാമോര്‍ക്കണം). മേല്‍പ്പറഞ്ഞ വസ്തുതകള്‍ കണക്കിലെടുത്ത് വിഴിഞ്ഞം ബങ്കറിംഗ്്്് പോര്‍ട്ട് എന്ന ഈ വിഷയത്തില്‍ അങ്ങയുടെ അടിയന്തിര തീരുമാനമുണ്ടാകണമെന്നഭ്യര്‍ത്ഥിക്കുന്നു.
ജനപക്ഷത്തോടെ,
ഏലിയാസ് ജോണ്‍ ജയമോഹന്‍ കെ. എസ്്് വില്‍ഫ്രഡ് കുലാസ്
T.C 26/2052, Tutors Lane , Statue,Trivandrum-1
No comments:
Post a Comment