Saturday, August 11, 2012

അല്പം ക്യൂരിയോസിറ്റിയുള്ള വാര്‍ത്ത.


എന്താവാം ഇക്കാലത്തെ ആകാംഷ നിറഞ്ഞ വാര്‍ത്ത? ലോക ഒളിംപിക്‌സ് പട്ടികയില്‍ ഇന്ത്യയുടെ താഴെ ഏതെങ്കിലും രാജ്യങ്ങളുണ്ടാകുമോ ? വെട്ടു രാഷ്ട്രീയത്തില്‍  ഇനി ആരൊക്കെ  പ്രതികളാകും?  KPCC ജനറല്‍ സെക്രട്ടറി പദവി കേരള ജനസംഖ്യ കടത്തിവെട്ടുമോ എന്നിങ്ങനെയുള്ള ആകാംഷ വാര്‍ത്തകള്‍ കൊണ്ട് ശരാശരി മലയാളി  കോരിത്തരിച്ചു നില്‍ക്കുകയല്ലേ ?  അതിനിടയ്ക്ക്  അല്പം ക്യൂരിയോസിറ്റി ഉണ്ടാക്കാന്‍ സാധ്യതയുള്ള ഒരു കുഞ്ഞുവാര്‍ത്ത.

2011 നവംബര്‍ 26-ാം തീയതിയാണ് 'ക്യൂരിയോസിറ്റി '  ഫ്‌ളോറിഡയില്‍ നിന്നും കുതിച്ചു പൊങ്ങിയത്. 2012 ആഗസ്റ്റ് 6-ാം തീയതി ചൊവ്വയുടെ ആദ്യചിത്രം ഭൂമിയില്‍ ലഭിച്ചു. ശാസ്ത്രത്തിന്റെ ഈ കുതിപ്പിന് അമേരിക്കന്‍ ഭരണകൂടം ചെലവഴിച്ചത് 14000 കോടി രൂപയാണ്.  ഇനിയുള്ളതാണ് സാക്ഷാല്‍ ക്യൂരിയോസിറ്റി.

ആഗസ്റ്റ് മാസം 5-ാം തീയതിയിലെ ടൈംസ് ഓഫ് ഇന്ത്യയാണ് ഈ കണക്ക് നിരത്തി പറഞ്ഞത്. 12-ാമത്തെ പേജില്‍ മറ്റൊരു റിപ്പോര്‍ട്ടു കൂടി അവര്‍ പറഞ്ഞു വച്ചു. ഇന്ത്യയും .ചൊവ്വാ പരീക്ഷണത്തിന് തയ്യാറാവുന്നു. 2013 അവസാനമാണ് പര്യവേഷണ പദ്ധതി നടപ്പിലാക്കുന്നത്. ചെലവ് 450 കോടി രൂപ ! പത്രഭാഷ കടമെടുത്താല്‍ ഇങ്ങനെ -' The mission world cost around Rs.450 crore equal to a big satellite launch'

ഇന്ത്യയുടെ പര്യവേഷണ വാഹനം ചൊവ്വയുടെ ഭ്രമണപഥത്തില്‍ പഠനം നടത്തും. അമേരിക്കയുടെ  ക്യൂരിയോസിറ്റി ഉപരിതലത്തില്‍ ഇറങ്ങി പഠനം  നടത്തിത്തുടങ്ങി. ഈ ചെറിയൊരു വ്യത്യാസമൊഴിച്ചാല്‍ രണ്ടു പദ്ധതിയും ഏതാണ്ട് ഒന്നു തന്നെയാണ്. ഭൂമിയില്‍ നിന്നും  55 ദശലക്ഷം  കിലോമീറ്റര്‍ അകലെ ഒരു സാറ്റലൈറ്റിനെ എത്തിക്കുക. 2011-ല്‍  അമേരിക്കക്കാരന് 14000 കോടി ചെലവ് വന്നപ്പോള്‍ 2013-ല്‍ ഇന്ത്യക്കാരന്‍ കേവലം 450 കോടിക്ക് ആ പണി ചെയ്യാന്‍ പോകുന്നു. അമേരിക്കന്‍ ബഡ്ജറ്റ്  കൊണ്ട് ഇന്ത്യാക്കാരന് 31 തവണ ചൊവ്വയില്‍ സാറ്റലൈറ്റുകളെ  എത്തിക്കാന്‍ കഴിയും ! ഇതില്‍ ചെറിയ ഒരു ക്യൂരിയോസിറ്റിയില്ലേ ?

No comments:

Post a Comment